History

അതിപുരാതനമായദേവീ ക്ഷേത്രങ്ങളാലും പൂജാസങ്കേതങ്ങളാലും സമ്പന്നമാണ് സഹ്യാദ്രിസാനുക്കള്‍ക്കും മഹാസമുദരത്തിനുമിടയിലുള്ള കേരളഭൂമി. അക്കൂട്ടത്തില്‍ പല കാരണങ്ങളാലും ശ്രദ്ധേയമാണ് പൂജപ്പുര സരസ്വതീമണ്ഡപവും ശ്രീ സരസ്വതീ ദേവീക്ഷേത്രവും. ദേവീപൂജയുമായി ബന്ധപ്പെട്ടാണ് ഈ നാടിന് പൂജപ്പുരയെന്ന പേരുപോലും കൈവന്നിട്ടുള്ളത്. അംബരചുംബിയായ അഗസ്ത്യകൂടത്തിന്റെ ദൃഷ്ടിപഥത്തില്‍ കരമനയാറിനും കിള്ളിയാറിനും മദ്ധ്യത്തിലായി കൊച്ചുകൊച്ചു കുന്നിന്‍പുറങ്ങളാലും വയലേലകളാലും ചുറ്റപ്പെട്ട് നഗരമദ്ധ്യത്തിലെ ഏറ്റവും പൊക്കമുള്ള പ്രദേശങ്ങളിലൊന്നായി പൂജപ്പുര വിരാജിക്കുന്നു. പ്രകൃതി കനിഞ്ഞരുളിയിരിക്കുന്ന രമണീയകത്വമാകാം പ്രകൃതീശ്വരിയുടെ ഉപാസനയ്ക്കുള്ള പൂജാമണ്ഡപമായി നൂറ്റാണ്ടുകള്‍ക്കുo മുന്‍പേ ഇവിടം തെരഞ്ഞെടുക്കപ്പെടാനുള്ള കാരണം. ഇപ്പോള്‍ ഇവിടെ കരിങ്കല്ലില്‍ തീര്‍ത്ത കമനീയമായ സരസ്വതീമണ്ഡപം കാണാം. അതിനോടുചേര്‍ന്ന് ‍ ശില്‍പചാരുതയാര്‍ന്നേ ശ്രീസരസ്വതീദേവീ ക്ഷേത്രവുമുണ്ട്. മുന്നില്‍ പള്ളിവേട്ട നടത്താനുള്ള കൊച്ചുമണ്ഡപം. നവരാത്രിമഹോല്‍സവങ്ങള്‍ക്ക് നൂറ്റാണ്ടുകളായി ഉപയോഗിക്കപ്പെട്ടുപോരുന്ന വിസ്തൃതമായ ശ്രീചിത്തിരതിരുനാള്‍ സ്റ്റേഡിയവും ഭഗത്സിംഗ് പാര്‍ക്കും അതിനെ പരിസേവിക്കുന്നു

രാജഭരണകാലത്തെ പൂജയെടുപ്പ് മഹോത്സവം

ധര്‍മ്മജരാജാവെന്നു പ്രസിദ്ധനായ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മത മഹാരാജാവിന്റെ് സുദീര്‍ഘിമായ ഭരണകാലത്താണ് (1758-1798) കന്യാകുമാരി ജില്ലയിലുള്ള പദ്മനാഭപുരത്തുനിന്ന് തിരുവിതാംകൂറിന്റെയ തലസ്ഥാനം തിരുവനന്തപുരത്തേക്കു മാറ്റിയത്. അതിപുരാതനകാലം മുതല്‍ വേണാട്ടധിപന്മാരുടെ സംരക്ഷണയില്‍ പദ്മനാഭപുരം കൊട്ടാരത്തില്‍ നടന്നുവന്നിരുന്ന നവരാത്രിമഹോല്‍സവും തിരുവനന്തപുരത്തേക്ക് കൊണ്ടുവരപ്പെട്ടതിനു ഹേതുവും അതാകുന്നു. തമിഴ് സാഹിത്യമണ്ഡലത്തിലെ അലൗകിക തേജസ്സായ കമ്പര്‍ പൂജിച്ചിരുന്ന സരസ്വതീവിഗ്രഹം പദ്മനാഭപുരത്തുനിന്നും, ശുചീന്ദ്രത്തുനിന്നു മുന്നൂറ്റിനങ്കയും (നാടന്‍ ശൈലിയില്‍ കുണ്ടണി നങ്ക), വേളിമലയിലുള്ള കുമാരകോവിലില്‍ നിന്നു ഭഗവാന്‍ കുമാരസ്വാമിയും രാജകീയമായ ആര്‍ഭാടാലങ്കരണങ്ങളോടെ ഘോഷയാത്രയായി അനന്തപുരിയിലേക്ക് ഇതിനായി പുറപ്പെടും. മൂന്നാംനാള്‍ വൈകുന്നേരം തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ കുമാരസ്വാമി പല്ലക്കുവിട്ട് വെള്ളിക്കുതിരയേറും. ഭക്തിയും ആഡംബരപ്പൊലിമയും ഒന്നായിണങ്ങിയ ഊഷ്മള സ്വീകരണമായിരിക്കും അനന്തപുരിയില്‍ ദേവീദേവന്മാര്‍ക്കും ലഭിക്കുക. വിശേഷപ്പെട്ട അനുഷ്ഠാനങ്ങളോടെ സരസ്വതീദേവിയെ കോട്ടയ്ക്കകത്തുള്ള നവരാത്രി മണ്ഡപത്തിലും, മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും, കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും എഴുന്നള്ളിച്ചിരുത്തും. അന്നു നല്ലിരിപ്പ്. അടുത്ത നാള്‍ പുലരി മുതല്‍ നവരാത്രിപൂജ വിധിപ്രകാരം ആരംഭിക്കുകയായി. അതുമായി ബന്ധപ്പെട്ട നവരാത്രി സംഗീതോല്സംവവും ആഘോഷങ്ങളുമെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നതും സ്വാതിതിരുനാള്‍ മഹാരാജാവാകുന്നു. കുമാരസ്വാമിയുടെ എഴുന്നള്ളത്ത് പണ്ടുമുതല്ക്കു തന്നെ നാട്ടുകാരുടെ ആദരണീയമായ മഹോത്സവമാണ്. വിദൂരങ്ങളില്‍ നിന്നുപോലും ഭഗവാന്‍ കുമാരസ്വാമിയെ ദര്‍ശിക്കാനും കാണിക്കയും വഴിപാടുകളും സമര്‍പ്പിക്കാനും ഭക്തജനസഹസ്രങ്ങള്‍ അന്നേദിവസം എത്തിക്കൊണ്ടിരിക്കും. ആ ദിവസങ്ങളില്‍ ഇവിടെ ഉണ്ടാകുന്ന ഭക്തജനത്തിരക്ക് ഒന്നുവേറെ തന്നെയാകുന്നു. വലിയ തിരക്കുകളെ വിശേഷിപ്പിക്കാന്‍ ‘പൂജയെടുപ്പിന്റെ ആള്’ എന്നൊരു ചൊല്ലുതന്നെ നിലവിലുണ്ട്.

Gallery

Powered By

Address

ശ്രീ സരസ്വതീ ദേവീക്ഷേത്രം
പൂജപ്പുര
തിരുവനന്തപുരം, കേരള 695012

 90481 05521

  contact@poojappurasaraswathydevi.org


©2018 Sree Saraswathi Temple All Rights Reserved